‏ Nahum 3

നിനവേയുടെ ദയനീയസ്ഥിതി

1രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം!
കള്ളവും കവർച്ചയും
അതിൽ നിറഞ്ഞിരിക്കുന്നു,
പീഡിതർ അവിടെ ഇല്ലാതിരിക്കുകയില്ല!
2ചമ്മട്ടിയുടെ പ്രഹരശബ്ദം,
ചക്രങ്ങൾ ഉരുളുന്ന ശബ്ദം,
ഓടുന്ന കുതിരകൾ,
കുതിക്കുന്ന രഥങ്ങൾ!
3മുന്നേറുന്ന കുതിരപ്പട,
മിന്നുന്ന വാളുകൾ,
വെട്ടിത്തിളങ്ങുന്ന കുന്തങ്ങൾ,
അനേകം അത്യാഹിതങ്ങൾ,
അനവധി ശവക്കൂമ്പാരങ്ങൾ,
അസംഖ്യം ശവശരീരങ്ങൾ,
ജനം ശവങ്ങളിൽ തട്ടിവീഴുന്നു—
4ഇതെല്ലാം സംഭവിച്ചത് ഒരു വേശ്യയുടെ അമിതാവേശംകൊണ്ടുതന്നെ;
അവൾ വശീകരണവും ക്ഷുദ്രനൈപുണ്യവുമുള്ളവൾ!
വ്യഭിചാരത്താൽ രാജ്യങ്ങളെയും
ദുർമന്ത്രവാദത്താൽ ജനതകളെയും കീഴ്പ്പെടുത്തിയവൾതന്നെ.

5“ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ നിന്റെ വസ്ത്രം മുഖത്തോളം ഉയർത്തും.
ഞാൻ രാഷ്ട്രങ്ങളെ നിന്റെ നഗ്നതയും
രാജ്യങ്ങളെ നിന്റെ ഗുഹ്യഭാഗവും കാണിക്കും.
6ഞാൻ നിന്റെമേൽ അമേധ്യം എറിഞ്ഞ്,
നിന്ദയോടെ നിന്നോട് ഇടപെട്ട്,
നിന്നെ ഒരു കാഴ്ചവസ്തുവാക്കും.
7നിന്നെ കാണുന്നവരൊക്കെയും നിന്നിൽനിന്ന് അകന്നുമാറും.
‘നിനവേ ജീർണിച്ചിരിക്കുന്നു, അവൾക്കുവേണ്ടി ആർ വിലപിക്കും?’ എന്ന് അവർ പറയും.
നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ എവിടെനിന്ന് ആശ്വാസകരെ കണ്ടെത്തും?”

8നൈൽനദീതീരത്ത്
വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന
നോ-അമ്മോനെക്കാൾ
അഥവാ തേബ്സിനെക്കാൾ
നീ ഉത്തമയോ?
നദി അവൾക്കു പ്രതിരോധവും
വെള്ളം മതിലും ആയിരുന്നു.
9കൂശും ഈജിപ്റ്റും അവളുടെ അന്തമില്ലാത്ത ബലവും
പൂത്യരും ലൂബ്യരും അവളോടു സഖ്യമുള്ളവരുടെ കൂട്ടത്തിലും ആയിരുന്നു.
10എങ്കിലും അവൾ തടവിലായി,
നാടുകടത്തപ്പെടുകയും ചെയ്തു.
സകലചത്വരങ്ങളിലുംവെച്ച്
അവളുടെ ശിശുക്കൾ എറിഞ്ഞുകൊല്ലപ്പെട്ടു.
അവളുടെ പ്രഭുക്കന്മാർക്കുവേണ്ടി നറുക്കിട്ടു
എല്ലാ മഹാന്മാരും ചങ്ങലയാൽ ബന്ധിക്കപ്പെട്ടു.
11നീയും ലഹരിയാൽ മത്തുപിടിക്കും;
ശത്രുനിമിത്തം നീ ഒളിവിൽപ്പോയി
ഒരു സുരക്ഷിതസ്ഥാനം അന്വേഷിക്കും.

12നിന്റെ കോട്ടകളെല്ലാം
വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷത്തിനു തുല്യം;
അവ കുലുക്കിയാൽ
തിന്നുന്നവരുടെ വായിൽത്തന്നെ അത്തിക്കായ്കൾ വീഴും.
13നിന്റെ സൈന്യങ്ങളെ നോക്കൂ
അവരെല്ലാം അശക്തർതന്നെ!
മൂ.ഭാ. നാരികൾതന്നെ.

നിന്റെ ദേശത്തിലെ കവാടങ്ങൾ
ശത്രുക്കൾക്കായി മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു;
അഗ്നി അതിന്റെ ഓടാമ്പലുകളെ ദഹിപ്പിച്ചിരിക്കന്നു.

14ഉപരോധത്തിനായി വെള്ളം ശേഖരിക്ക
നിന്റെ പ്രതിരോധം ശക്തിപ്പെടുത്തുക!
ചെളിയിൽ അധ്വാനിച്ച്
ചാന്തു കുഴച്ച്
ഇഷ്ടികക്കെട്ടിന്റെ കേടുതീർക്കുക!
15അവിടെ അഗ്നി നിന്നെ വിഴുങ്ങും;
വാൾ നിന്നെ അരിഞ്ഞുവീഴ്ത്തും
വിട്ടിലിനെ എന്നപോലെ നിന്നെ വിഴുങ്ങിക്കളയും.
നീ വിട്ടിലിനെപ്പോലെ പെരുകി,
വെട്ടുക്കിളിയെപ്പോലെ വർധിക്കുക.
16നിന്റെ വ്യാപാരികളുടെ എണ്ണം
നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അധികം വർധിപ്പിച്ചു,
എന്നാൽ അവർ വെട്ടുക്കിളി എന്നപോലെ
ദേശത്തെ നശിപ്പിച്ച് പറന്നുപോകുന്നു.
17നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും
നിന്റെ ഉദ്യോഗസ്ഥർ ശൈത്യദിനത്തിൽ മതിലുകളിൽ
പറ്റിപ്പിടിച്ചിരിക്കുന്ന വെട്ടുക്കിളിക്കൂട്ടം പോലെയുമാകുന്നു.
എന്നാൽ, സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു,
എവിടേക്കെന്ന് ആരും അറിയുന്നതുമില്ല.

18അല്ലയോ അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ
ഇടയന്മാർ, വിവക്ഷിക്കുന്നത് ഭരണാധിപന്മാർ.
മയങ്ങുന്നു;
നിന്റെ പ്രഭുക്കന്മാർ വിശ്രമത്തിനായി കിടക്കുന്നു.
ഒരുമിച്ചുകൂട്ടുന്നതിന് ആരുമില്ലാതെ
നിന്റെ ജനം പർവതങ്ങളിൽ ചിതറിയിരിക്കുന്നു.
19നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല;
നിന്റെ മുറിവ് മാരകംതന്നെ.
നിന്റെ വാർത്ത കേൾക്കുന്നവരെല്ലാം
നിന്റെ പതനത്തിൽ കൈകൊട്ടുന്നു,
നിന്റെ അന്തമില്ലാത്ത ദ്രോഹം
ഏൽക്കാത്തവരായി ആരുണ്ട്?
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.