‏ Genesis 13

അബ്രാമും ലോത്തും വേർപിരിയുന്നു

1അബ്രാം ഭാര്യയോടുകൂടെ, തനിക്കുള്ള സകലവുമായി ഈജിപ്റ്റിൽനിന്ന് ദക്ഷിണദിക്കിലേക്ക് യാത്രചെയ്തു. ലോത്തും അദ്ദേഹത്തെ അനുഗമിച്ചു. 2കന്നുകാലികൾ, വെള്ളി, സ്വർണം എന്നിവയിൽ അബ്രാം മഹാസമ്പന്നനായിരുന്നു.

3അദ്ദേഹം തെക്കേദേശത്തുനിന്നു പല സ്ഥലങ്ങളിലൂടെ യാത്രചെയ്ത് ബേഥേൽവരെയും ബേഥേലിനും ഹായിക്കും മധ്യേ താൻ മുമ്പ് കൂടാരം അടിച്ചിരുന്നതും 4ആദ്യം യാഗപീഠം പണിതിരുന്നതുമായ സ്ഥലംവരെയും ചെന്നു. അവിടെ അബ്രാം യഹോവയെ ആരാധിച്ചു.

5അബ്രാമിനോടുകൂടെ യാത്രചെയ്തിരുന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. 6അവർ ഒരുമിച്ചു താമസിച്ചാൽ ദേശത്തിന് അവരെ പോറ്റാൻ സാധിക്കുകയില്ല എന്ന നിലയിലായി; ഒരുമിച്ചു ജീവിക്കാൻ കഴിയാത്തവിധം അത്രയധികമായിരുന്നു അവരുടെ സമ്പത്ത്. 7അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാരും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാരുംതമ്മിൽ കലഹമുണ്ടായി. അക്കാലത്ത് കനാന്യരും പെരിസ്യരും ആ ദേശത്തു താമസിച്ചിരുന്നു.

8അതുകൊണ്ട് അബ്രാം ലോത്തിനോട്: “നിനക്കും എനിക്കുംതമ്മിലോ നിന്റെയും എന്റെയും ഇടയന്മാർതമ്മിലോ ഒരു വഴക്കും ഉണ്ടാകരുത്; നാം അടുത്ത ബന്ധുക്കളല്ലേ! 9ദേശംമുഴുവനും നിന്റെ മുമ്പിൽ ഇല്ലയോ? നമുക്കു വേർപിരിയാം. നീ ഇടത്തോട്ടു പോകുന്നെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; അതല്ല, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.

10ലോത്ത് ചുറ്റും നോക്കി; സോവാറിനുനേരേയുള്ള യോർദാൻ സമഭൂമി മുഴുവൻ ജലസമൃദ്ധിയുള്ളതെന്നു കണ്ടു. ആ പ്രദേശം യഹോവയുടെ തോട്ടംപോലെയും ഈജിപ്റ്റുദേശംപോലെയും ആയിരുന്നു. (ഇത് യഹോവ സൊദോമിനെയും ഗൊമോറായെയും നശിപ്പിക്കുന്നതിനുമുമ്പായിരുന്നു.) 11ലോത്ത് യോർദാൻ സമഭൂമി മുഴുവൻ തനിക്കായി തെരഞ്ഞെടുത്തു; പിന്നെ അദ്ദേഹം കിഴക്കോട്ടു യാത്രതിരിച്ചു; അങ്ങനെ അവരിരുവരുംതമ്മിൽ പിരിഞ്ഞു. 12അബ്രാം കനാൻദേശത്തു താമസിച്ചു; ലോത്ത് സമതലനഗരങ്ങളുടെ ഇടയിൽ താമസിച്ചു; സൊദോമിനു സമീപംവരെ കൂടാരം മാറ്റി അടിക്കുകയും ചെയ്തു. 13എന്നാൽ, സൊദോമിലെ ആളുകൾ ദുഷ്ടന്മാരും യഹോവയുടെമുമ്പാകെ മഹാപാപികളും ആയിരുന്നു.

14ലോത്ത് അബ്രാമിനെ വിട്ടുപോയശേഷം യഹോവ അബ്രാമിനോട്: “നീ ഇരിക്കുന്ന സ്ഥലത്തുനിന്നു കണ്ണുകളുയർത്തി വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15നീ കാണുന്ന ഭൂമിയെല്ലാം ഞാൻ നിനക്കും നിന്റെ സന്തതിക്കും എന്നെന്നേക്കുമായി തരും. 16ഞാൻ നിന്റെ സന്തതിയെ നിലത്തെ പൊടിപോലെയാക്കും; മൺതരികളെ എണ്ണാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാൻ കഴിയും. 17നീ ചെന്ന് ദേശത്തിന്റെ എല്ലാദിക്കുകളിലൂടെയും
മൂ.ഭാ. ദേശത്തിന്റെ നെടുകയും കുറുകെയും.
സഞ്ചരിക്കുക, അതു ഞാൻ നിനക്കു തരും” എന്നു പറഞ്ഞു.

18അപ്പോൾ അബ്രാം തന്റെ കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയിലെ മഹാവൃക്ഷങ്ങൾക്കരികെ ചെന്നു താമസിച്ചു; അവിടെ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.