Amos 9
ഇസ്രായേൽ നശിപ്പിക്കപ്പെടും
1കർത്താവ് യാഗപീഠത്തിനുസമീപം നിൽക്കുന്നതു ഞാൻ കണ്ടു; അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “പടിവാതിലുകൾ കുലുങ്ങത്തക്കവണ്ണംഗോപുരങ്ങളുടെ ശിരസ്സിൽ അടിക്കുക.
സകലജനത്തിന്റെയും ശിരസ്സിൽ അവയെ തള്ളിയിടുക;
ശേഷിച്ചിരിക്കുന്ന എല്ലാവരെയും ഞാൻ വാൾകൊണ്ടു കൊല്ലും.
ആരും രക്ഷപ്പെടുകയില്ല,
ഓടിപ്പോകുകയുമില്ല.
2അവർ പാതാളത്തിലേക്ക് കുഴിച്ചിറങ്ങിയാലും
എന്റെ കൈ അവിടെ അവരെ പിടിക്കും.
അവർ സ്വർഗംവരെ കയറിയാലും
ഞാൻ അവരെ താഴെയിറക്കും.
3അവർ കർമേലിന്റെ നെറുകയിൽ ഒളിച്ചാലും
ഞാൻ അവരെ വേട്ടയാടിപ്പിടിക്കും.
അവർ എന്നെ വിട്ട് ഓടി സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിച്ചാലും,
അവിടെ, അവരെ കടിക്കാൻ സർപ്പത്തോടു ഞാൻ കൽപ്പിക്കും.
4അവരുടെ ശത്രുക്കൾനിമിത്തം അവർ പ്രവാസത്തിലേക്കു പോയാലും
അവിടെ അവരെ കൊല്ലുന്നതിനു ഞാൻ വാളിനോടു കൽപ്പിക്കും.
“ഞാൻ അവരുടെമേൽ നന്മയ്ക്കല്ല, തിന്മയ്ക്കുതന്നെ
എന്റെ ദൃഷ്ടി പതിക്കും.”
5സൈന്യങ്ങളുടെ യഹോവയായ കർത്താവ്
ഭൂമിയെ തൊടുന്നു, അത് ഉരുകിപ്പോകുന്നു;
ഭൂവാസികളൊക്കെയും വിലപിക്കുന്നു.
ദേശംമുഴുവനും നൈൽനദിപോലെ ഉയരുന്നു,
ഈജിപ്റ്റിലെ നദിപോലെ അതു താഴുകയും ചെയ്യുന്നു;
6അവിടന്നു തന്റെ കൊട്ടാരം സ്വർഗത്തിൽ പണിയുന്നു,
അതിന്റെ അടിസ്ഥാനം ▼
▼ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
 ഭൂമിയിൽ ഇടുന്നു;സമുദ്രത്തിലെ വെള്ളത്തെ അവിടന്നു വിളിക്കുന്നു
ഭൂമുഖത്തേക്ക് ആ വെള്ളം വർഷിക്കുന്നു—
യഹോവ എന്നാകുന്നു അവിടത്തെ നാമം.
7“നിങ്ങൾ ഇസ്രായേല്യർ
എനിക്കു കൂശ്യരെപ്പോലെയല്ലേ?”
യഹോവ ചോദിക്കുന്നു.
“ഇസ്രായേലിനെ ഈജിപ്റ്റിൽനിന്നും
ഫെലിസ്ത്യരെ കഫ്തോരിൽനിന്നും
അരാമ്യരെ കീറിൽനിന്നും ഞാനല്ലയോ കൊണ്ടുവന്നത്?
8“കർത്താവായ യഹോവയുടെ കണ്ണുകൾ
പാപംനിറഞ്ഞ രാജ്യത്തിന്മേൽ ഉണ്ട്.
ഞാൻ അതിനെ നശിപ്പിക്കും
ഭൂമുഖത്തുനിന്നുതന്നെ.
എങ്കിലും ഞാൻ യാക്കോബുഗൃഹത്തെ
ഉന്മൂലനാശം ചെയ്യുകയില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
9“ഞാൻ കൽപ്പന കൊടുക്കും,
ധാന്യം മുറത്തിൽ പാറ്റിയെടുക്കുന്നതുപോലെ
ഞാൻ സകലരാഷ്ട്രങ്ങളുടെയും മധ്യത്തിൽ
ഇസ്രായേൽഗൃഹത്തെ പാറ്റും,
ഒരു ചരൽക്കല്ലുപോലും നഷ്ടപ്പെടുകയില്ല.
10എന്റെ ജനത്തിന്റെ മധ്യത്തിലുള്ള സകലപാപികളും,
‘നമുക്ക് അത്യാഹിതമൊന്നും വരികയില്ല,
ഒന്നും സംഭവിക്കുകയുമില്ല,’
എന്നു പറയുന്നവരും വാളിനാൽ മരിക്കും.
ഇസ്രായേലിന്റെ പുനഃസ്ഥാപനം
11“ആ ദിവസത്തിൽ, “ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാൻ പുനഃസ്ഥാപിക്കും—അതിന്റെ ഇടിഞ്ഞ മതിലുകൾ ഞാൻ ശരിയാക്കും
അതിന്റെ നാശങ്ങളെ പരിഹരിച്ച്
അതിനെ യഥാസ്ഥാനപ്പെടുത്തും.
12അങ്ങനെ അവർ ഏദോമിൽ ശേഷിച്ചവരെയും
എന്റെ നാമം വഹിക്കുന്ന എല്ലാ രാജ്യങ്ങളെയും കൈവശമാക്കും,”
എന്ന് ഇതു ചെയ്യുന്ന യഹോവതന്നെ അരുളിച്ചെയ്യുന്നു.
13യഹോവ അരുളിച്ചെയ്യുന്നു: “ഉഴുന്നവർ കൊയ്ത്തുകാരുടെ മുന്നിലെത്തുകയും
മുന്തിരിച്ചക്കു ചവിട്ടുന്നവർ മുന്തിരിക്കൃഷി ചെയ്യുന്നവരുടെ മുന്നിലെത്തുകയും ചെയ്യും.
പർവതങ്ങളിൽനിന്ന് പുതുവീഞ്ഞു വർഷിക്കുകയും
എല്ലാ കുന്നുകളിൽനിന്നും അതു പ്രവഹിക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരുന്നു!
14പ്രവാസത്തിലേക്കുപോയ എന്റെ ജനമായ ഇസ്രായേലിനെ ഞാൻ മടക്കിക്കൊണ്ടുവരും.
“നശിപ്പിക്കപ്പെട്ട പട്ടണങ്ങളെ അവർ വീണ്ടും പണിത് അവിടെ പാർക്കും.
അവർ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കി, അവയിലെ വീഞ്ഞു കുടിക്കും;
അവർ തോട്ടങ്ങൾ നട്ടുണ്ടാക്കുകയും അതിലെ പഴം തിന്നുകയും ചെയ്യും.
15ഞാൻ ഇസ്രായേലിനെ അവരുടെ സ്വന്തം ദേശത്തു നടും,
ഞാൻ അവർക്കു കൊടുത്ത ദേശത്തുനിന്ന്
ഇനിയൊരിക്കലും അവർ പറിച്ചുകളയപ്പെടുകയില്ല,”
എന്നു നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
    Copyright information for
    MalMCV
 
