‏ 2 Chronicles 23

1ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ധൈര്യസമേതം മുന്നോട്ടുവന്നു; യെരോഹാമിന്റെ മകൻ അസര്യാവ്, യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയസേയാവ്, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി അദ്ദേഹം ഒരു ഉടമ്പടിയുണ്ടാക്കി. 2അവർ യെഹൂദ്യയിലുടനീളം സഞ്ചരിച്ച് ലേവ്യരെയും ഇസ്രായേലിലെ പിതൃഭവനത്തലവന്മാരെയും സകലനഗരങ്ങളിൽനിന്നും കൂട്ടിവരുത്തി. അവരെല്ലാം ജെറുശലേമിൽ എത്തിയപ്പോൾ 3ആ സഭ ഒന്നടങ്കം ദൈവത്തിന്റെ ആലയത്തിൽവെച്ച് രാജാവുമായി ഒരു ഉടമ്പടിചെയ്തു.

യെഹോയാദാ അവരോടു പറഞ്ഞു: “ദാവീദിന്റെ പിൻഗാമികളെപ്പറ്റി യഹോവ വാഗ്ദാനം നൽകിയിട്ടുള്ളപ്രകാരം ഇതാ, രാജപുത്രൻ ഭരണമേൽക്കണം.
4നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ മൂന്നിലൊരുഭാഗം കവാടങ്ങളിൽ സൂക്ഷ്മമായി കാവൽനിൽക്കണം. 5അടുത്ത മൂന്നിലൊരുഭാഗം രാജകൊട്ടാരവും ബാക്കി മൂന്നിലൊരുഭാഗം അടിസ്ഥാനകവാടത്തിങ്കലും കാവൽനിൽക്കണം. മറ്റെല്ലാവരും യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ ഉണ്ടായിരിക്കണം. 6തങ്ങളുടെ ഊഴമനുസരിച്ചുള്ള ലേവ്യരും പുരോഹിതന്മാരുമല്ലാതെ മറ്റാരും യഹോവയുടെ ആലയത്തിൽ പ്രവേശിച്ചുകൂടാ. ലേവ്യരും പുരോഹിതന്മാരും ശുദ്ധീകരിക്കപ്പെട്ടവരാകുകയാൽ അവർക്കു ദൈവാലയത്തിൽ പ്രവേശിക്കാം. ജനമെല്ലാം പുറത്തുനിന്നുകൊണ്ട് യഹോവയുടെ കൽപ്പന പാലിക്കണം. 7ലേവ്യർ എല്ലാവരും താന്താങ്ങളുടെ ആയുധവും കൈയിലേന്തി രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. മറ്റാരെങ്കിലും ദൈവാലയത്തിൽ കടന്നാൽ അവനെ കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”

8പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ലേവ്യരും യെഹൂദ്യരെല്ലാവരും ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളെ കൂടെച്ചേർത്തു; കാരണം യെഹോയാദാ ആ ഗണങ്ങളെ വിട്ടയച്ചിരുന്നില്ല. 9ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും വലിയതും ചെറുതുമായ പരിചകളും ദൈവത്തിന്റെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് ശതാധിപന്മാരുടെ കൈവശം കൊടുത്തു. 10അദ്ദേഹം ജനങ്ങളെയെല്ലാം ആയുധധാരികളാക്കി ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരത്തി.

11യെഹോയാദായും പുത്രന്മാരും രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. അവർ ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു.

12ജനം ഓടുന്നതിന്റെയും രാജാവിനെ കീർത്തിക്കുന്നതിന്റെയും ഘോഷം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ അവരുടെ അടുത്തേക്കുവന്നു. 13അവൾ നോക്കിയപ്പോൾ, അതാ! കവാടത്തിൽ അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. ഗായകർ തങ്ങളുടെ സംഗീതവാദ്യങ്ങളുമായി സ്തുതിഗീതങ്ങൾക്കു നേതൃത്വം കൊടുക്കുന്നു! അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്ന് അട്ടഹസിച്ചു.

14സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരെ യെഹോയാദാപുരോഹിതൻ പുറത്തേക്കു വിളിച്ചിട്ടു പറഞ്ഞു: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്.” 15അങ്ങനെ അവർ അവളെ പിടിച്ചു. കൊട്ടാരവളപ്പിൽ കുതിരക്കവാടത്തിന്റെ പ്രവേശനത്തിൽ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു.

16പിന്നീട് യെഹോയാദാ, താനും ആ ജനവും രാജാവും യഹോവയുടെ ജനമായിരിക്കുമെന്ന് ഒരു ഉടമ്പടി ചെയ്യിച്ചു. 17ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ അടിച്ചുടച്ചു. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു.

18അതിനുശേഷം യെഹോയാദാ ദൈവാലയത്തിന്റെ മേൽനോട്ടം ലേവ്യരായ പുരോഹിതന്മാരുടെ കരങ്ങളിൽ ഭരമേൽപ്പിച്ചു. ആഹ്ലാദത്തോടും ഗാനാലാപത്തോടുംകൂടി യഹോവയുടെ ആലയത്തിൽ, മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം, ഹോമയാഗങ്ങൾ അർപ്പിക്കാനുള്ള ചുമതല ദാവീദുരാജാവ് അവരെയാണു ഭരമേൽപ്പിച്ചിരുന്നത്. 19ഏതെങ്കിലും വിധത്തിൽ ആചാരപരമായി അശുദ്ധരായ ആരുംതന്നെ അകത്തു കടക്കാതിരിക്കത്തക്കവണ്ണം യെഹോയാദാ യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ കാവൽക്കാരെയും നിയോഗിച്ചു.

20അദ്ദേഹം ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ ഭരണാധിപന്മാരെയും ദേശത്തെ സകലജനത്തെയും കൂട്ടിക്കൊണ്ടുചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. മുകളിലത്തെ പടിവാതിൽവഴി അവർ രാജകൊട്ടാരത്തിലേക്കുചെന്ന് രാജാവിനെ രാജകീയ സിംഹാസനത്തിൽ ഇരുത്തി. 21ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.