‏ 1 Samuel 23

ദാവീദ് കെയീലയെ രക്ഷിക്കുന്നു

1“ഫെലിസ്ത്യർ കെയീലയെ ആക്രമിക്കുന്നെന്നും അവർ മെതിക്കളം കവർച്ച ചെയ്യുന്നെന്നും,” ദാവീദിന് അറിവുകിട്ടി. 2“ഞാൻ പോയി ഈ ഫെലിസ്ത്യരെ നേരിടണമോ,” എന്ന് അദ്ദേഹം യഹോവയോട് അരുളപ്പാടു ചോദിച്ചു.

“ചെന്ന് ഫെലിസ്ത്യരോടു പൊരുതി കെയീലയെ രക്ഷിക്കുക,” എന്ന് യഹോവ ദാവീദിനോടു കൽപ്പിച്ചു.

3എന്നാൽ ദാവീദിനോടുകൂടെയുള്ളവർ അദ്ദേഹത്തോട്: “ഇവിടെ ഈ യെഹൂദ്യയിൽത്തന്നെ നാം ഭയപ്പെട്ടു കഴിയുന്നു. പിന്നെ നാം കെയീലയിൽ ഫെലിസ്ത്യസൈന്യങ്ങൾക്കെതിരേ എങ്ങനെ ചെല്ലും?” എന്നു ചോദിച്ചു.

4അതിനാൽ ദാവീദ് വീണ്ടും യഹോവയോട് അരുളപ്പാട് ചോദിച്ചു. യഹോവ അദ്ദേഹത്തോട്: “കെയീലയിലേക്കു ചെല്ലുക! ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും!” എന്ന് അരുളിച്ചെയ്തു. 5അതിനാൽ ദാവീദും കൂടെയുള്ളവരും കെയീലയിലേക്കുചെന്ന് ഫെലിസ്ത്യരോടു പൊരുതി അവരെ തോൽപ്പിച്ച് അവരുടെ ആടുമാടുകളെ അപഹരിച്ചു. അവർ ഫെലിസ്ത്യർക്കു കനത്ത നാശം വരുത്തുകയും കെയീലയിലെ ജനങ്ങളെ രക്ഷിക്കുകയും ചെയ്തു. 6കെയീലയിൽ ദാവീദിന്റെ അടുത്തേക്ക് ഓടിപ്പോകുമ്പോൾ അഹീമെലെക്കിന്റെ മകനായ അബ്യാഥാർ തന്റെകൂടെ ഏഫോദും കൊണ്ടുപോന്നിരുന്നു.

ശൗൽ ദാവീദിനെ പിൻതുടരുന്നു

7ദാവീദ് കെയീലയിലേക്കു പോയിരിക്കുന്നു എന്ന് ശൗലിന് അറിവുകിട്ടി. “വാതിലുകളും ഓടാമ്പലുകളുമുള്ള ഒരു നഗരത്തിൽ ദാവീദ് സ്വയം വന്ന് അകപ്പെട്ടതുമൂലം ദൈവം അവനെ എന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്നു ശൗൽ പറഞ്ഞു. 8പിന്നീട് ശൗൽ തന്റെ സർവസൈന്യത്തെയും യുദ്ധത്തിനായി വിളിച്ചുകൂട്ടി. കെയീലയിലേക്കുചെന്ന് ദാവീദിനെയും ആൾക്കാരെയും വളയാൻ അയാൾ അവർക്കു കൽപ്പനകൊടുത്തു.

9ശൗൽ തനിക്കെതിരേ ദുരാലോചന നടത്തുന്നു എന്ന് ദാവീദ് മനസ്സിലാക്കി. “ഏഫോദ് തന്റെ അടുത്തുകൊണ്ടുവരിക,” അദ്ദേഹം പുരോഹിതനായ അബ്യാഥാരിനോടു കൽപ്പിച്ചു. 10അങ്ങനെ ദാവീദ് യഹോവയോടു പ്രാർഥിച്ചു. “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വരുന്നു എന്നും ഞാൻനിമിത്തം ഈ നഗരം നശിപ്പിക്കാൻ ആലോചിക്കുന്നു എന്നും അടിയൻ കേട്ടിരിക്കുന്നു. 11കെയീലാപൗരന്മാർ എന്നെ ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ കടന്നുവരുമോ? ഇസ്രായേലിന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസന് മറുപടി അരുളണമേ!”

“അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു.

12“കെയീലാപൗരന്മാർ എന്നെയും എന്റെ ആൾക്കാരെയും ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ?” എന്നു വീണ്ടും ദാവീദ് ചോദിച്ചു.

“അതേ, അവർ അപ്രകാരം ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്തു.

13അങ്ങനെ ദാവീദും കൂടെയുള്ള ഏകദേശം അറുനൂറ് ആളുകളും കെയീലാ വിട്ടുപോന്നു. അവർ തരംപോലെ ഓരോരോ സ്ഥലത്തേക്കു നീങ്ങിക്കൊണ്ടിരുന്നു. ദാവീദ് കെയീലയിൽനിന്നും രക്ഷപ്പെട്ടു എന്നു ശൗൽ അറിഞ്ഞപ്പോൾ അവിടേക്കുള്ള യാത്ര നിർത്തിവെച്ചു.

14ദാവീദ് മരുഭൂമിയിലെ സുരക്ഷിതസങ്കേതങ്ങളിലും സീഫ് മരുഭൂമിയിലെ കുന്നുകളിലുമായി താമസിച്ചു. ശൗൽ ദിനംതോറും ദാവീദിനെ തെരഞ്ഞുകൊണ്ടിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ അയാളുടെ കൈയിൽ ഏൽപ്പിച്ചില്ല.

15ദാവീദ് സീഫ് മരുഭൂമിയിലെ ഹോരേശിൽ ആയിരുന്നപ്പോൾ, തന്റെ ജീവനെത്തേടി ശൗൽ വന്നെത്തിയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. 16ശൗലിന്റെ മകനായ യോനാഥാൻ ഹോരേശിൽ ദാവീദിന്റെ അടുത്തെത്തി. അദ്ദേഹത്തെ ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ പറഞ്ഞ് ധൈര്യപ്പെടുത്തി. 17യോനാഥാൻ അദ്ദേഹത്തോട്: “ഭയപ്പെടേണ്ട; എന്റെ പിതാവായ ശൗൽ അങ്ങയുടെമേൽ കൈവെക്കുകയില്ല. അങ്ങ് ഇസ്രായേലിനു രാജാവായിത്തീരും; ഞാൻ അങ്ങേക്കു രണ്ടാമനും ആയിരിക്കും. ഇത് എന്റെ പിതാവായ ശൗലിനറിയാം” എന്നു പറഞ്ഞു. 18അവരിരുവരും യഹോവയുടെമുമ്പാകെ ഉടമ്പടിചെയ്തു. അതിനുശേഷം യോനാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. ദാവീദ് ഹോരേശിൽത്തന്നെ താമസിച്ചു.

19ഇതിനിടയിൽ സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തെത്തി: “ദാവീദ് ഞങ്ങളുടെ സമീപത്ത് യശിമോന് തെക്ക് ഹഖീലാമലയിലെ ഹോരേശിലുള്ള സുരക്ഷിതകേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുന്നു. 20ആകയാൽ രാജാവേ, അങ്ങയുടെ ഇഷ്ടംപോലെ എപ്പോൾ വേണമെങ്കിലും വന്നാലും! അവനെ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു.

21ശൗൽ മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നോടുള്ള കരുതലിന് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! 22നിങ്ങൾചെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുക. ദാവീദ് പതിവായി പോകുന്നതെവിടെയാണെന്നും അവിടെ അവനെ കണ്ടവർ ആരാണെന്നും അന്വേഷിച്ചറിയുക. അവൻ വലിയ തന്ത്രശാലിയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. 23അവൻ ഒളിച്ചിരിക്കാറുള്ള ഇടങ്ങളെല്ലാം കണ്ടുപിടിച്ച് സൂക്ഷ്മവിവരങ്ങളുമായി നിങ്ങൾ മടങ്ങിവരിക! അപ്പോൾ ഞാൻ നിങ്ങളോടുകൂടെ വരും. അവൻ ആ പ്രദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ യെഹൂദ്യയിലെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് ഞാനവനെ കണ്ടുപിടിക്കും.”

24അങ്ങനെ അവർ ശൗലിനുമുമ്പായി സീഫിലേക്കു പോയി. അപ്പോൾ ദാവീദും കൂടെയുള്ളവരും യശിമോന് തെക്ക് അരാബയിലെ മാവോൻ മരുഭൂമിയിൽ ആയിരുന്നു. 25ശൗലും അദ്ദേഹത്തിന്റെ ആളുകളും തെരച്ചിൽ തുടങ്ങി. ദാവീദ് അതറിഞ്ഞപ്പോൾ മാവോൻ മരുഭൂമിയിലെ വലിയപാറയിൽ ചെന്നു താമസിച്ചു. ശൗൽ ഇതറിഞ്ഞപ്പോൾ ദാവീദിനെ പിൻതുടർന്നു. അദ്ദേഹവും മാവോൻ മരുഭൂമിയിലേക്കു പോയി.

26ശൗൽ പർവതത്തിന്റെ ഒരുവശത്തുകൂടി നീങ്ങിക്കൊണ്ടിരുന്നു; ദാവീദും അനുയായികളും മറുവശത്തുകൂടിയും. ശൗലിനെ ഒഴിഞ്ഞുമാറിപ്പോകാൻ ദാവീദ് ബദ്ധപ്പെടുകയായിരുന്നു. ദാവീദിനെയും അനുയായികളെയും പിടിക്കുന്നതിനായി ശൗലും സൈന്യവും അടുത്തു വന്നുകൊണ്ടിരുന്നു. 27അപ്പോൾ ഒരു സന്ദേശവാഹകൻ വന്ന്, “വേഗം വന്നാലും! ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു ശൗലിനെ അറിയിച്ചു. 28അപ്പോൾ ശൗൽ ദാവീദിനെ പിൻതുടരുന്നതു മതിയാക്കി ഫെലിസ്ത്യരെ നേരിടാനായി മടങ്ങിപ്പോയി. അതിനാൽ ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത്
പിരിഞ്ഞുപോക്കിന്റെ പാറ എന്നർഥം.
എന്നു പേരായി.
29ദാവീദ് അവിടെനിന്നു പോയി എൻ-ഗെദിയിലെ സുരക്ഷിതമേഖലകളിൽ വസിച്ചു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.