‏ 1 Kings 17

വരൾച്ചയെക്കുറിച്ചുള്ള പ്രവചനം

1ഗിലെയാദിലെ തിശ്ബി സ്വദേശിയായ ഏലിയാവ് ആഹാബ് രാജാവിനോട്: “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ ജീവനുള്ള യഹോവയാണെ, ഞാൻ കൽപ്പിച്ചല്ലാതെ വരുന്ന ഏതാനും വർഷങ്ങളിൽ മഞ്ഞോ മഴയോ ഉണ്ടാകുകയില്ല” എന്നു പറഞ്ഞു.

കാക്കകൾ ഏലിയാവിന് ഭക്ഷണം നൽകുന്നു

2അതിനുശേഷം, യഹോവയുടെ അരുളപ്പാട് ഏലിയാവിനുണ്ടായി: 3“ഈ സ്ഥലംവിട്ടു കിഴക്കോട്ടുപോകുക; യോർദാനു കിഴക്കുള്ള കെരീത്ത് അരുവിക്കു സമീപം നീ ഒളിച്ചുപാർക്കുക. 4അവിടെ, അരുവിയിലെ വെള്ളം കുടിക്കുക; നിനക്കു ഭക്ഷണം അവിടെ എത്തിച്ചുനൽകുന്നതിനു ഞാൻ കാക്കയോടു കൽപ്പിച്ചിട്ടുണ്ട്.”

5ഏലിയാവ് യഹോവയുടെ കൽപ്പനയനുസരിച്ചു പ്രവർത്തിച്ചു. അദ്ദേഹം പുറപ്പെട്ട് യോർദാനു കിഴക്കുള്ള കെരീത്ത് അരുവിക്കരികെ താമസിച്ചു. 6കാക്കകൾ അദ്ദേഹത്തിന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അപ്പവും ഇറച്ചിയും എത്തിച്ചുകൊടുത്തിരുന്നു. അരുവിയിൽനിന്ന് അദ്ദേഹം വെള്ളം കുടിച്ചു.

സാരെഫാത്തിലെ വിധവയും ഏലിയാവും

7എന്നാൽ, ദേശത്തു മഴ പെയ്യാതിരുന്നതിനാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അരുവി വരണ്ടുണങ്ങി. 8അപ്പോൾ, യഹോവയുടെ അരുളപ്പാട് അദ്ദേഹത്തിനുണ്ടായി: 9“സീദോനിലെ സാരെഫാത്തിലേക്കു ചെന്ന് അവിടെ താമസിക്കുക. ആ സ്ഥലത്ത് നിനക്കു ഭക്ഷണം തരുന്നതിന് ഞാൻ ഒരു വിധവയോടു കൽപ്പിച്ചിട്ടുണ്ട്.” 10അതുകൊണ്ട്, അദ്ദേഹം സാരെഫാത്തിലേക്കു പോയി. പട്ടണവാതിൽക്കൽ എത്തിയപ്പോൾ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. “എനിക്ക് കുടിക്കാൻ അൽപ്പം വെള്ളം ഒരു പാത്രത്തിൽ കൊണ്ടുവരുമോ?” എന്ന് ഏലിയാവ് അവളോടു വിളിച്ചുചോദിച്ചു. 11അവൾ വെള്ളമെടുക്കാനായി പോയപ്പോൾ: “ദയവായി ഒരു കഷണം അപ്പവുംകൂടി എനിക്കു കൊണ്ടുവരണമേ!” എന്നു പറഞ്ഞു.

12അവൾ മറുപടി പറഞ്ഞു: “അങ്ങയുടെ ജീവനുള്ള ദൈവമായ യഹോവയാണെ, എന്റെപക്കൽ ഭരണിയിൽ ഒരുപിടി മാവും ഒരു കുപ്പിയിൽ അൽപ്പം എണ്ണയുമല്ലാതെ പാകമാക്കിയ അപ്പം ഒന്നുമില്ല. അത്, എനിക്കും എന്റെ മകനുംവേണ്ടി വീട്ടിൽ പാകംചെയ്യാൻ ഞാൻ കുറച്ചു വിറകു പെറുക്കുകയാണ്. അതു കഴിച്ചശേഷം ഞങ്ങൾ മരിക്കാൻ ഒരുങ്ങുകയാണ്.”

13ഏലിയാവ് അവളോട്: “പേടിക്കേണ്ടാ; വീട്ടിൽപോയി ഞാൻ പറഞ്ഞതുപോലെ ചെയ്യുക. ആദ്യം അതിൽനിന്നും ഒരു ചെറിയ അപ്പം എനിക്കുവേണ്ടി ഉണ്ടാക്കി കൊണ്ടുവരിക. പിന്നെ, നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക. 14‘യഹോവ ഭൂതലത്തിൽ മഴ പെയ്യിക്കുന്ന ദിവസംവരെ ഭരണിയിലെ മാവു തീരുകയില്ല; കുപ്പിയിലെ എണ്ണ വറ്റിപ്പോകുകയുമില്ല,’ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.

15ആ വിധവ പോയി ഏലിയാവു നിർദേശിച്ചതുപോലെ ചെയ്തു. അങ്ങനെ, ഏലിയാവും ആ വിധവയും അവളുടെ കുടുംബവും അനേകനാൾ ഭക്ഷണം കഴിച്ചുപോന്നു. 16യഹോവ ഏലിയാവിലൂടെ അരുളിച്ചെയ്ത വചനപ്രകാരം വിധവയുടെ മാവുഭരണി ശൂന്യമായില്ല, എണ്ണക്കുപ്പി വറ്റിയതുമില്ല.

17ചില നാളുകൾക്കുശേഷം, ആ വീട്ടുടമസ്ഥയായ വിധവയുടെ മകൻ രോഗിയായിത്തീർന്നു. അവന്റെ രോഗം മൂർച്ഛിച്ച് ഒടുവിൽ ശ്വാസം നിലച്ചുപോയി. 18അവൾ ഏലിയാവിനോട്: “അല്ലയോ, ദൈവപുരുഷാ! അങ്ങേക്കെന്താണ് എന്നോട് ഇത്രവിരോധം? എന്റെ പാപങ്ങൾ ഓർമിപ്പിക്കുന്നതിനും അങ്ങനെ എന്റെ മകനെ മരണത്തിന് ഏൽപ്പിക്കുന്നതിനുമാണോ അങ്ങ് ഇവിടെ വന്നിരിക്കുന്നത്?” എന്നു ചോദിച്ചു.

19“നിന്റെ മകനെ ഇങ്ങു തരിക,” എന്ന് ഏലിയാവ് അവളോടു പ്രതിവചിച്ചു. അദ്ദേഹം അവളുടെ കൈയിൽനിന്നു ബാലനെ ഏറ്റുവാങ്ങി താൻ താമസിച്ചിരുന്ന, മുകളിലത്തെ നിലയിലെ മുറിയിൽ കൊണ്ടുപോയി തന്റെ കിടക്കയിൽ കിടത്തി. 20അതിനുശേഷം, അദ്ദേഹം യഹോവയോടു പ്രാർഥിച്ചു: “എന്റെ ദൈവമായ യഹോവേ! ഞാൻ പ്രവാസിയായി പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകന്റെ ജീവൻ അപഹരിച്ചുപോലും അങ്ങ് ഈ സ്ത്രീയുടെമേൽ അനർഥം വരുത്തുന്നോ?” 21തുടർന്ന് അദ്ദേഹം മൂന്നുപ്രാവശ്യം കുട്ടിയുടെമേൽ കമിഴ്ന്നുകിടന്നു;
ചി.കൈ.പ്ര. കമിഴ്ന്നുകിടന്ന് ഉച്ഛ്വസിച്ചു.
പിന്നെ, യഹോവയോട്: “എന്റെ ദൈവമായ യഹോവേ! ഈ ബാലന്റെ ജീവൻ അവന്റെമേൽ തിരികെ വരുത്തണമേ!” എന്ന് ഉച്ചത്തിൽ പ്രാർഥിച്ചു.

22യഹോവ ഏലിയാവിന്റെ പ്രാർഥന ചെവിക്കൊണ്ടു; ബാലന്റെ ജീവൻ അവനിൽ തിരികെവന്നു; അവൻ പുനരുജ്ജീവിച്ചു. 23ഏലിയാവു ബാലനെ ആ വീടിന്റെ താഴത്തെ നിലയിലേക്കു കൊണ്ടുവന്നു. “നോക്കൂ, ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു!” എന്നു പറഞ്ഞ്, അദ്ദേഹം ബാലനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.

24അപ്പോൾ, ആ സ്ത്രീ ഏലിയാവിനോട്: “അങ്ങ് ഒരു ദൈവപുരുഷനെന്നും അങ്ങയുടെ വായിൽനിന്നു പുറപ്പെടുന്ന യഹോവയുടെ വചനം സത്യമെന്നും ഇപ്പോൾ ഞാൻ ഇതിനാൽ അറിയുന്നു” എന്നു പറഞ്ഞു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.